Matters concerned with Environment

Wednesday, August 11, 2010

രയരോം പുഴ ശുദ്ധീകരിച്ചു; ഇനി കുടിക്കാം; കുളിക്കാം

രയരോം പുഴ ശുദ്ധീകരിച്ചു; ഇനി കുടിക്കാം; കുളിക്കാം

(from:  http://mangalam.com/index.php?page=detail&nid=329859&lang=malayalam)
കണ്ണൂര്‍: ആലക്കോട്‌ രയരോം പുഴയില്‍ കീടനാശിനിയും രാസവസ്‌തുക്കളും ഉപേക്ഷിച്ച സംഭവത്തില്‍ സംയുക്‌തസേനയുടെ നേതൃത്വത്തില്‍ നടത്തിയ നടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ പുഴയില്‍ അവസാനഘട്ട തെരച്ചില്‍ നടത്തി. കണ്ടെടുത്ത കീടനാശിനികള്‍ നിര്‍വീര്യമാക്കുന്ന നടപടികളും ഇന്നലെയോടെ പൂര്‍ത്തീകരിച്ചു. പുഴയിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന്‌ പരിശോധനകള്‍ക്കു ശേഷം ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചിട്ടുണ്ട്‌.

ആറു വീപ്പയോളം കീടനാശിനികളാണു പുഴയില്‍ നിന്നു കണ്ടെടുത്തത്‌. പതിനഞ്ച്‌ കിലോമീറ്ററോളം ദൂരത്തിലാണു പരിശോധന നടത്തിയത്‌. രയരോം പുഴയിലെ വിവിധ സ്‌ഥലങ്ങളില്‍ നിന്നെടുത്ത ജലസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ വെള്ളത്തില്‍ യാതൊരു തരത്തിലുള്ള വിഷാംശവും ശേഷിക്കുന്നില്ലെന്നു പ്രതിരോധമന്ത്രാലയത്തിലെ ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചിട്ടുണ്ടെന്ന്‌ ജില്ലാകലക്‌ടര്‍ വി.കെ. ബാലകൃഷ്‌ണന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാമെന്നു ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ച പമ്പിംഗ്‌ ഉടന്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുമെന്നു കലക്‌ടര്‍ അറിയിച്ചു.

നിര്‍വീര്യമാക്കിയ കീടനാശിനികള്‍ എറണാകുളത്തെ എച്ച്‌.ഐ.എല്ലിന്റെ ഇന്‍സിനറേറ്ററില്‍ കത്തിച്ചു കളയും. ഇതിനുള്ള നടപടിക്രമം പൂര്‍ത്തിയായിവരികയാണ്‌. ആദ്യദിവസം കീടനാശിനി കണ്ടെത്താന്‍ പുഴയില്‍ ഇറങ്ങിയ എട്ടുപേര്‍ക്കു സാമ്പത്തികസഹായം നല്‍കാന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. കീടനാശിനി പുഴയില്‍ തള്ളിയ സംഭവമറിഞ്ഞ ഉടന്‍ തന്നെ ജില്ലാഭരണകൂടം വിവിധ വകുപ്പുകളെ ക്രോഡീകരിച്ച്‌ ഇടപെട്ടതായി കലക്‌ടര്‍ ചൂണ്ടിക്കാട്ടി. രാഷ്ര്‌ടീയപ്രതിനിധികളുടെ യോഗവും ജനപ്രതിനിധിയോഗവും ഇക്കാര്യത്തില്‍ ജില്ലാഭരണകൂടത്തെ അഭിനന്ദിച്ചിട്ടുണ്ട്‌. ജില്ലാദുരന്ത നിവാരണസമിതി, ഫയര്‍ഫോഴ്‌സ്, പോലീസ്‌, നാട്ടുകാര്‍, പഞ്ചായത്ത്‌ ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണു പ്രശ്‌നപരിഹാരത്തിനു വേഗം കൂട്ടിയതെന്നു കലക്‌ടര്‍ പറഞ്ഞു. ജലാശയങ്ങള്‍ മാലിന്യമുക്‌തമാക്കണമെന്ന ആശയം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ മാധ്യമ വാര്‍ത്തകളും സഹായകരമായി.

പുഴ മലിനമാക്കിയവര്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുന്നതു വഴി ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ താക്കീതാകുമെന്ന്‌ കലക്‌ടര്‍ ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞ കീടനാശിനികളും രാസവസ്‌തുക്കളും വില്‍പന നടത്തുന്നതിനും സൂക്ഷിക്കുന്നതിനുമെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു കലക്‌ടര്‍ അറിയിച്ചു. ഇതിനായി പരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

കീടനാശിനി തള്ളിയത്‌ പുഴയില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കിയിട്ടില്ല. മത്സ്യം ചത്തുപൊങ്ങിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമായിരുന്നു. പുഴകള്‍ മലിനമാക്കരുതെന്നാവശ്യപ്പെട്ട്‌ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ബോധവത്‌കരണം സംഘടിപ്പിക്കും. ആലക്കോട്‌ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ തീരുമാനിച്ചിട്ടുണ്ട്‌. മറ്റു പഞ്ചായത്തുകളിലും ജലസ്രോതസ്‌ സംരക്ഷിക്കുന്നതിനു ജനങ്ങളില്‍ ബോധവത്‌കരണം നടത്തുമെന്നും കലക്‌ടര്‍ അറിയിച്ചു. എ.ഡി.എം: പി.കെ. സുധീര്‍ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

No comments:

Post a Comment

Followers

About Me

My photo
Ecologist, Environmental Scientist...